Business and Personal web pages from India Search result

Mallappally

Mallappally

Mallappally,Pathanamthitta,Kerala,India, Mallappally ,
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മൊത്തം 14 വാര്‍ഡുകളുണ്ട്. മല്ലപ്പള്ളി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആനിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ആനിക്കാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കറുകച്ചാല്‍, കുന്നന്താനം പഞ്ചായത്തുകളുമാണ്. കായികാഭ്യാസികളുടെ അഥവാ മല്ലന്മാരുടെ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. മല്ല എന്ന പദത്തിന് കായികാഭ്യാസിയെന്നും പള്ളി എന്ന വാക്കിന് ഗ്രാമം എന്നും അര്‍ത്ഥമുള്ളതിനാല്‍ മല്ലപ്പള്ളി മല്ലന്‍മാരുടെ നാടുതന്നെയായിരുന്നുവെന്നതിന് ന്യായമുണ്ട്. ഗ്രാമപഞ്ചായത്തുഭരണം ഈ പ്രദേശത്ത് നിലവില്‍ വന്നത് 1947-ലായിരുന്നു. കീഴുവായ്പൂര് കേന്ദ്രമാക്കി നിലവില്‍ വന്ന വില്ലേജുയൂണിയന്റെ പ്രസിഡന്റ് ഡബ്ള്യു.ഒ.ജേക്കബ് ആയിരുന്നു. 1951-ലെ സ്വാതന്ത്ര്യദിനത്തിലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഇതില്‍ മല്ലപ്പള്ളി, പുതുശ്ശേരി, പരിയാരം, കൊടുമുടിശ്ശേരി എന്നീ കരകളും കൂടി ഉള്‍പ്പെട്ടിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തു നടന്ന ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് (1953 ജൂലൈ-20) എന്‍.വി.സോമശേഖരപിള്ള പ്രസിഡന്റായി ആദ്യഭരണസമിതി നിലവില്‍വന്നു. 1962-ലെ വിലേജ് പുനര്‍നിര്‍ണ്ണയത്തോടെ, മല്ലപ്പള്ളി വില്ലേജുള്‍പ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായി. 1982 വരെ ആലപ്പുഴജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാതാലൂക്കില്‍ 1951-ലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്. ആനിക്കാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം എന്നീ പഞ്ചായത്തുകള്‍ക്കു പുറമേ കോട്ടയം ജില്ലയില്‍പെട്ട കറുകച്ചാല്‍ പഞ്ചായത്തും ഈ ഗ്രാമവുമായി അതിരുകള്‍ പങ്കിടുന്നു. സാമാന്യം ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇടത്തരം കുന്നുകളും ചരിവുപ്രദേശങ്ങളും പാറക്കെട്ടുകളും ഒപ്പം സമതലപ്രദേശങ്ങളും വെള്ളം കയറുന്ന വയലുകളുമൊക്കെയുള്ള മല്ലപ്പള്ളി ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്.